Sunday 9 May 2010

സമര്‍പ്പണം



തിരുപ്പിറവി



അഗസ്റസ് സീസറിന്‍ കല്പനപോല്‍
കനേഷുമാരിക്കു പേരുചേര്‍ക്കാന്‍,
യൌസേപ്പും മറിയവും യാത്രയായി
യുദയ നാട്ടിലെ ബെദ്ലഹേമില്‍.

രാത്രി വഴി മദ്ധ്യത്തില്‍ തന്റെ ഭാര്യ
മേരിയ്ക്കു വൈഷമ്യം കണ്ടുടനെ,
യൌസേപ്പിടം തേടി സത്രങ്ങളില്‍
കടിഞ്ഞുല്‍ പുത്രനു ജന്മമേകാന്‍.

സത്രങ്ങളെല്ലാം അടഞ്ഞപ്പോള്‍ മുന്നില്‍
കാലിത്തൊഴുത്തല്ലോ അഭയമായ് വന്നു.
മാനവര്‍ കാട്ടത്തെരുള്‍കാന്തിയോടെ
കാലികള്‍ ഈശനന്നിടമൊരുക്കി.

മാനവരോടുളള സ്നേഹാതിരേകത്താല്‍
ദരിദ്രനായ് ജാതനായ് സര്‍വ്വേശ്വരന്‍.
മഞ്ഞിന്‍ തണുപ്പേറും ആ ദിവ്യ രാവില്‍
പുല്‍മെത്തയില്‍ ദൈവം ജാതനായി.

രാവില്‍ വയലില്‍ ആടുകളെ കാക്കും
ഇടയന്മാര്‍കണ്ടു വിണ്‍ വെളിച്ചം
ഭയഭക്തിയോടവര്‍ കുമ്പിട്ടു നില്കവെ
മാലാഖ എത്തി സദ്വാര്‍ത്തയുമായ്.

അത്യന്നതങ്ങളില്‍ സര്‍വ്വമഹത്വവും
ഭൂമിയില്‍ ശാന്തി സമത്വം.
ദാവീദിന്‍ ഗോത്രത്തില്‍ നിങ്ങള്‍ക്കു രക്ഷകന്‍
കര്‍ത്താവു മനുജനായ് ജാതനായി

കാലിത്തൊഴുത്തോളം ഈ ദിവ്യ താരത്തെ
പിന്തുടര്‍ന്നീടുകില്‍ നിങ്ങളിന്ന്
നീതിതന്‍ സൂര്യന്റെ ദിവ്യോദയം കണ്ടു
പ്രത്യാശ പൂര്‍ണ്ണരായ് തീര്‍ന്നിടുമേ.

താരക കാട്ടിയ പാതയിലൂടവര്‍
ഘാതങ്ങള്‍ താണ്ടി നടന്നൊടുവില്‍,
പുല്‍കൂട്ടില്‍ പിളളക്കച്ചയില്‍ ഉണ്ണിയെ
കണ്ടുവണങ്ങി താഴ്മയോടെ.

സഖറിയാ പ്രവചനം

ദൈവകുഞ്ഞാടിന്റെ വഴിയൊരുക്കീടുവാന്‍
സ്നാപകയോഹന്നാന്‍ പിറന്നുടനെ,
ആത്മാവാല്‍ പ്രേരിതനായി പിതാവാം
സഖറിയാ പ്രവചനം ചെയ്യുകയായ്.

"വാഴ്തുതുവിന്‍ ഇസ്രേലിന്‍ കര്‍ത്താവിനെ
സ്വാതന്ത്യ്രമേകും സഹായകനെ.
ദൈവത്തിന്‍ ദാസന്‍ ദാവീദിന്‍ വംശത്തില്‍
നമുക്കു രക്ഷകന്‍ ജാതനാകും.

ശത്രുക്കള്‍, വൈരികള്‍, പാപങ്ങളില്‍ നിന്നു
ബന്ധുക്കള്‍ നമ്മെ കരേറ്റിടുവാന്‍,
വാഗ്ദാനം പോലെ പ്രവചനം പോലെ
രക്ഷകന്‍ ദൈവം പിറക്കുകയായ്.

വിശുദ്ധിയോടെ നീതി ബോധത്തോടെ
ഈ ഭൌമ ജീവിതം പൂര്‍ത്തിയാക്കാം
അബ്രഹാമിനേകിയ വാഗ്ദാനത്തില്‍
വിശ്വസിച്ചാത്മാവില്‍ ജീവിച്ചിടാം.

നിയെന്റെ കുഞ്ഞെ എന്‍ തമ്പുരാന്റെ
വഴിയൊരുക്കാനായ് ജനിച്ചതല്ലേ.
അനുതാപ സുവിശേഷം ഘേഷിച്ചിടാന്‍
പ്രവാചകനാകാന്‍ അയച്ചതല്ലേ.

അന്ധകാരത്തില്‍ ഒളിപരത്താന്‍ ദൈവ-
സ്നേഹദായാധിക്യം അനുസ്മരിക്കാന്‍
സവര്‍ഗ്ഗത്തില്‍ നിന്നൊരു നാളണയും
സമാധാന ദൂതന്‍ എഴുന്നളളിടും.

വഴിയൊരുക്കുന്നവന്‍




എലിസബത്താണ്കുഞ്ഞിനമ്മയായി 
ബന്ധുക്കളാദിനം ആഘോഷിച്ചു. 
കര്‍ത്താവു തന്‍കൃപ കാട്ടിയതാല്‍ 
നാടാകെയാദിനമാഘോഷിച്ചു. 


പരിച്ഛേദനത്തിനായ് എട്ടാം ദിനം 
ശിശുവുമായ് വന്നു ദേവാലയത്തില്‍. 
'സഖറിയ' എന്നുളള പേരുനല്കാന്‍ 
ബന്ധുക്കളൊന്നാകെ ആലോചിച്ചു. 

പതിവുപോലല്ലിവനെ ദൈവഹിതംപോലെ 
'യോഹന്നാന്‍' എന്നു വിളിച്ചിടേണം. 
എലിസബത്തിവ്വിധം ചൊല്കയാലഖിലരും  പിതാവിന്‍ ഹിതത്തിനായ് ഒത്തുകൂടി.

എഴുത്തു പലകമേലെഴുതി സഖറിയ
'യോഹന്നാനെന്നു താനിവിനു നാമം.' 
നാവിന്റെ കെട്ടഴിഞ്ഞന്നാ പുരോഹിതന്‍ 
കര്‍ത്താവിന്‍ കീര്‍ത്തനം പാടിവാഴ്തി. 

മലനാട്ടിലങ്ങോളമിങ്ങോള മാവാര്‍ത്ത 
കാട്ടുതീപോലെ  പടര്‍ന്നീടവേ, 
ആരായിരിക്കുമാ ശിശുവെന്ന ചിന്തയിൽ 
അന്നാട്ടുകാരോ ഭയന്നിരുന്നു... 

സ്തോത്രഗാനം







എലിസബത്തിന്‍ സ്തുതി കേട്ടു മറിയമ- 
ന്നാത്മാവിലാനന്ദിച്ചാലപിച്ചു, 
"എന്റെ ആത്മാവീശനെ വാഴ്തിടുന്നു 
അന്തരങ്കമെൻ  നാഥനെ കീര്‍ത്തിക്കുന്നു. 

കര്‍ത്താവെന്‍ രക്ഷകനാകയാലെന്നുളളം 
ആനന്ദത്താലിതാ തുള്ളിടുന്നു,
ദാസിയാമെന്നുടെ താഴ്മയില്‍ പ്രീതനായ് 
വന്‍കാര്യമടിയനായ് ചെയ്തുതന്നു. 

പരിശുദ്ധനാം ദൈവം തലമുറകള്‍ തോറും 
ഭക്തര്‍ക്കു കാരുണ്യം വര്‍ഷിച്ചിടും. 
തലമുറകള്‍ എന്നെ ഭാഗ്യവതിയെ- 
ന്നിന്നുമുതല്‍ പ്രകീര്‍ത്തിച്ചിടും. 

ശക്തമാം തന്‍ഭുജത്താലവനഖിലവും 
താങ്ങുന്നു ഭരണം നടത്തിടുന്നു. 
എളിയവരെ അവന്‍ ഉയര്‍ത്തിടുന്നു 
അഹങ്കാരികളെ ചിതറിച്ചിടുന്നു. 

അധികാരികളെ താഴ്ത്തിടുന്നു ദൈവം 
വിശക്കുവോര്‍ക്കന്നം വിളമ്പിടുന്നു. 
ധനികരെയും പിന്നെ സ്വര്‍ത്ഥരേയും ദൈവം 
വെറും കൈയ്യോടെ പറഞ്ഞയച്ചിടുന്നു. 

യഹൂദരെയും തന്റെ ദാസരേയും 
കര്‍ത്താവു നിത്യം സഹായിക്കുന്നു. 
അബ്രാമിനും സന്തതികള്‍ക്കുമായവൻ 
അരുളിയ വാഗ്ദാനം നിറവേറ്റുന്നു.

Thursday 6 May 2010

എന്‍റെ തമ്പുരാന്‍റമ്മ

യൂദയാനാട്ടിലെ കുന്നിൻ മുകളിലെ 
ബന്ധു എലിസബത്തിന്റെ വീട്ടിൽ,
മറിയം ധൃതിയോടെ യാത്രപോകുന്നു 
മുറപോലവളെ പരിചരിക്കാൻ. 

ജോവാക്കിം തന്റെ കഴുതമേലേറ്റി 
മകളെ ഭദ്രമായ് യാത്രയാക്കി 
ആഹാരപാനീയമെല്ലാം പൊതിഞ്ഞമ്മ 
അന്നയും മകളെ യാത്രയാക്കി..

നസ്രത്തിൻ ഊടുവഴികളിലൂടേറെ
ക്ലേശിച്ചു മറിയം നീങ്ങിടുന്നു. 
ജീവിത ക്ലേശങ്ങടളേറ്റെടുക്കാനൊരു മുന്നൊരുക്കം പോലെ  ഇന്നീ യാത്ര.

മറിയത്തിന്നഭിവാദനസ്വരം കേട്ടന്നെ- ലിസബത്താനന്ദപൂർണ്ണയായി 
ഗര്‍ഭസ്ഥ ശിശുവോ കുതിച്ചുദരത്തിൽ 
തൻ കർത്താവിന്നമ്മതൻ  സന്നിധിയിൽ.

മറിയത്തെ ആലിഗനം ചെയ്തെലിസബ- ത്തഭിവാദനം ചെയ്തു ചൊല്ലിടുന്നു 
സ്ത്രീകളിൽ ഭാഗ്യവതി നീ മറിയമേ
അനുഗ്രഹീതം നിന്നുദരഫലം 

നിന്നഭിവാദനം കേട്ടാ നിമിഷമെന്‍ 
ഗര്‍ഭത്തില്‍ ശിശുവോ കുതിച്ച് തുളളി. 
കര്‍ത്താവിനമ്മയെന്നരികത്തണയാന്‍ 
ഞാനത്ര ഭാഗ്യം ചെയ്തവളോ?!. 

കര്‍ത്താവരുള്‍ചെയ്ത വാര്‍ത്തകളൊക്കെയും 
വിശ്വസിച്ചിന്നു നീ ധന്യയായി, 
ദാസിയായ് തന്‍കരം കൂപ്പിയോളെ തന്റെ 
അമ്മയായ് ദൈവം സ്വീകരിച്ചു.

മരുഭൂമിയില്‍ വസന്തം




മരുഭൂമിയില്‍ വസന്തം - സുവിശേഷ കവിതകള്‍ Part-1





(ലൂക്ക സുവിശേഷം)



യൂദയാ നാട്ടിലെ ജനപഥങ്ങള്‍ക്ക്മേല്‍
ഹേറോദോസധിപനായ് വാണകാലം,
അബിയാഗണത്തില്‍ പുരോഹിതനായ്
സഖറിയ എന്നൊരാൾ വാണിരുന്നു.

അഹറോന്റെ പുത്രി എലിസബത്തവനുടെ
സഖിയായി തുണയായി വാണിരുന്നു,
ദൈവീക സ്നേഹമാ ദമ്പതികള്‍ക്കുമേല്‍
നന്മയായെന്നും നിഴലിച്ചിരുന്നു..

വന്ധ്യ എലിസബത്തെങ്കിലുമിരുവരും
പ്രാര്‍ത്ഥിച്ചു വ്രതംനോറ്റ് കാത്തിരുന്നു,
വന്ധ്യതയില്ലാത്ത മോഹവുമായവര്‍
താരാട്ടു പാടാന്‍ കൊതിച്ചിരുന്നു.


കാലം ഇലപൊഴിച്ചകന്നുപോയ് മോഹ-
സുമങ്ങളും വാടിക്കരിഞ്ഞു പോയി,
വൃദ്ധരാം ദമ്പതിമാരന്നവമതി
കേള്‍ക്കാതൊഴിഞ്ഞു വസിച്ചിരുന്നു


ധൂപാര്‍പ്പണത്തിന് കുറിവീണനാള്‍
പുരോഹിതനവനന്നാലയത്തി ല്‍ ബലി-
പീഢത്തിന്നരുകില്‍ മാലാഖയെക്ക-
കണ്ടൊരു ഞൊടി അന്ധിച്ചിരുന്നുപോയി.


ഭയലേശം വേണ്ട ഞാന്‍ ദൈവദൂതന്‍
നിനക്കാനന്ദമേകുന്ന വാര്‍ത്ത നല്കാം
നിന്നവമതി കര്‍ത്താവ് നീക്കിടുന്നു
നിനക്കാണ്കുഞ്ഞുടന്‍ തന്നെ ജാതനാകും.

യോഹന്നാനെന്നു നീ പേരിടേണം അവന്‍
യാഹവതന്‍ പ്രിയ ദാസനാകും...
അമ്മതന്‍ ഉദരത്തില്‍ ആത്മാവിനാല്‍
അഭിഷിക്തനായവന്‍ ആനന്ദിക്കും.


കര്‍ത്താവിന്‍ സന്നിധേ തന്‍ ജനത്തെ
ചേര്‍ത്തണച്ചീടും പ്രവാചകനായ്
നിന്‍ സുതനഖിലര്‍ക്കുമാനന്ദമായ് കര്‍തൃ
ദാസനായ് ജീവിതം കാഴ്ചവയ്ക്കും.


ആശങ്ക പൂണ്ടുടന്‍ സഖറിയ ദൈവ-
ദൂതനേടാരാഞ്ഞു സംശയത്താല്‍
പ്രായം കഴിഞ്ഞവര്‍ ഞങ്ങളല്ലോ
പിന്നെങ്ങനെ ഇവയൊക്കെ സംഭവിക്കും.



കോപിച്ചു ഗബ്രിയേല്‍ ദൂതനപ്പോള്‍
ശാപം ചൊരിഞ്ഞാ പുരോഹിതന്മേല്‍
ഈ കര്‍ത്തൃ വാകൃത്തിന്‍ പൂര്‍ത്തിയോളം
പൊങ്ങില്ല നിന്‍ നാവൊന്നുരിയാടുവാന്‍


ദേവാലയത്തിന്‍ കവാടത്തിലായ്
കാത്തവര്‍ നന്നായ് അതിശയിച്ചു
മൂകനായ് തീര്‍ന്നവനെന്നറിഞ്ഞുവതിന്‍
കാരണമോരോന്ന് ചൊല്ലിടുന്നു



ശശ്രൂഷതന്‍ കാലം പൂര്‍ത്തിയാക്കി സ്വ-
ഭവനത്തില്‍ വന്നവന്‍ പാര്‍ത്തീടവേ
വൈകാതെലിസബത്തമ്മയാകാന്‍
പോകുന്നുവെന്നറിഞ്ഞാനന്ദിച്ചു.



അപമാനമാം തന്റെ വന്ധ്യതയെ
നീക്കിയ കര്‍ത്താവിനര്‍ച്ചനയായ്
എലിസബത്തമ്മതന്‍ പ്രിയസൂനുവെ
കര്‍ത്താവനിര്‍പ്പണം ചെയ്തുവല്ലൊ.


*******************************************