Showing posts with label ലൂക്ക 007. Show all posts
Showing posts with label ലൂക്ക 007. Show all posts

Sunday, 9 May 2010

തിരുപ്പിറവി



അഗസ്റസ് സീസറിന്‍ കല്പനപോല്‍
കനേഷുമാരിക്കു പേരുചേര്‍ക്കാന്‍,
യൌസേപ്പും മറിയവും യാത്രയായി
യുദയ നാട്ടിലെ ബെദ്ലഹേമില്‍.

രാത്രി വഴി മദ്ധ്യത്തില്‍ തന്റെ ഭാര്യ
മേരിയ്ക്കു വൈഷമ്യം കണ്ടുടനെ,
യൌസേപ്പിടം തേടി സത്രങ്ങളില്‍
കടിഞ്ഞുല്‍ പുത്രനു ജന്മമേകാന്‍.

സത്രങ്ങളെല്ലാം അടഞ്ഞപ്പോള്‍ മുന്നില്‍
കാലിത്തൊഴുത്തല്ലോ അഭയമായ് വന്നു.
മാനവര്‍ കാട്ടത്തെരുള്‍കാന്തിയോടെ
കാലികള്‍ ഈശനന്നിടമൊരുക്കി.

മാനവരോടുളള സ്നേഹാതിരേകത്താല്‍
ദരിദ്രനായ് ജാതനായ് സര്‍വ്വേശ്വരന്‍.
മഞ്ഞിന്‍ തണുപ്പേറും ആ ദിവ്യ രാവില്‍
പുല്‍മെത്തയില്‍ ദൈവം ജാതനായി.

രാവില്‍ വയലില്‍ ആടുകളെ കാക്കും
ഇടയന്മാര്‍കണ്ടു വിണ്‍ വെളിച്ചം
ഭയഭക്തിയോടവര്‍ കുമ്പിട്ടു നില്കവെ
മാലാഖ എത്തി സദ്വാര്‍ത്തയുമായ്.

അത്യന്നതങ്ങളില്‍ സര്‍വ്വമഹത്വവും
ഭൂമിയില്‍ ശാന്തി സമത്വം.
ദാവീദിന്‍ ഗോത്രത്തില്‍ നിങ്ങള്‍ക്കു രക്ഷകന്‍
കര്‍ത്താവു മനുജനായ് ജാതനായി

കാലിത്തൊഴുത്തോളം ഈ ദിവ്യ താരത്തെ
പിന്തുടര്‍ന്നീടുകില്‍ നിങ്ങളിന്ന്
നീതിതന്‍ സൂര്യന്റെ ദിവ്യോദയം കണ്ടു
പ്രത്യാശ പൂര്‍ണ്ണരായ് തീര്‍ന്നിടുമേ.

താരക കാട്ടിയ പാതയിലൂടവര്‍
ഘാതങ്ങള്‍ താണ്ടി നടന്നൊടുവില്‍,
പുല്‍കൂട്ടില്‍ പിളളക്കച്ചയില്‍ ഉണ്ണിയെ
കണ്ടുവണങ്ങി താഴ്മയോടെ.